Sunday 15 November 2009

ഓടിയ വഴികള്‍ .. ... ഓടാത്ത വഴികള്‍..

ഓടിക്കോ ... രാമന്‍ നായരേ ഓടിക്കോ.. ഉള്‍വിളി കേട്ട് രാമന്‍ നായര് ഇറങ്ങി ഓടി..വയലും വീടും താണ്ടി ഓടി. തീവണ്ടി അപ്പീസും ബസ്സ് സ്റ്റോപ്പും കടന്നു ഓടി. കവലയും തപാല്‍ ഓഫീസ്ഉം പിന്നിലാക്കി ഓടി. രാവിലെ തന്നെ അവന്‍ അടിച്ചിരിക്കുന്നു. ഇനി രക്ഷയില്ല, ഓട്ടം തന്നെ ശരണം. പണ്ടൊക്കെ നാട്ടില്‍ അവന്റെ ശല്യം ഉണ്ടായിരുന്നില്ല, ഇതു ഒരു പുതിയ ശല്യമായല്ലോ ഭഗവാനേ ...രാവിലെ എഴുന്നേറ്റാല്‍ മുതല്‍ തുടങ്ങുകയായി ഇവന്റെ ശല്യം. തന്നാല്‍ ആവുന്നതൊക്കെ രാമന്‍ നായര് ചെയ്തു നോക്കി. മക്കള്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി അവര്‍ പറഞു തന്നതെല്ലാം ചെയ്തു നോക്കി.. എന്നിട്ടും വഴങ്ങുന്ന ലക്ഷണമില്ല. ഓടുകയല്ലാതെ പിന്നെന്താ ഒരു ശരണം ? ഓടിക്കോ രാമന്‍ നായരേ... ഓടിക്കോ ...

പണ്ടും രാമന്‍ നായര് ഓടിയിട്ടുണ്ട്. മകനെ എന്ജിനീരിങ്ങിനു ചേര്‍ക്കാന്‍ പട്ടണത്തില്‍ പോയപ്പോള്‍. എന്താ ഒരു തിരക്ക് .. എത്ര മോട്ടോര്‍ വാഹനങ്ങലാ നിരത്തിലൂടെ പായുന്നത് ... അന്ന് അയാളുടെ കൊച്ചു ഗ്രാമത്തില്‍ കൂടുതലും ഉള്ളത് മോട്ടോര്‍ ബൈക്ക് ആണ് - വല്ലപ്പോഴും ഒരു കാര്‍ കണ്ടാലായി. പോകണ്ടിരിക്കാന്‍ പറ്റുമോ.. ഏക മകനാ , കോളേജ്-ഇല് ചെര്കണ്ടേ...നായര് തന്നെ അകമ്പടി പോയി. രാമന്‍ നായര്‍ക്ക് ഒരു പരിഭ്രാന്തിയാ ..ശീലമില്ലാത്ത ഓരോന്ന് കാണുമ്പൊള്‍. കൈലിയും ചുറ്റി, തോളത്തു ഒരു തോര്‍ത്തും ഇട്ടു മഹാരാജാവിനെ പോലെ സ്വന്തം നാട്ടില്‍ നടന്നു ശീലിച്ച രാമന്‍ നായര് പട്ടണത്തില്‍ ചെന്നപ്പോള്‍ ഒരു കൃമി ആയ പോലെ ഒരു തോന്നല്‍. എല്ലാവരും ഒന്നിനൊന്നു കേമന്‍മാരെന്ന ഭാവം. ശരിക്കും കേമന്‍മാര്‍ തന്നെയാവും - അദ്ദേഹം കരുതി. അന്നും ഇറങ്ങി ഓടിയതാ...എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ തരാന്‍ ഇരുന്ന സര്മാരുടെ ഇംഗ്ലീഷ് കേട്ടിട്ട്. ഫോറം ഒക്കെ മകന്‍ തന്നെയാ പൂരിപ്പിച്ചത് ...അവന്‍ തന്നെയാ എല്ലാം ചെയ്യുന്നതും എന്നിട്ടും അപ്പറത്ത് ഇരുന്ന ആള്‍ ടപ ടപേ - ന്നു രണ്ടു ചൊദ്യം .. പിന്നെ ശങ്കിച്ചില്ല .. ഉള്‍വിളി വന്നു. ഓടിക്കോ.. രാമന്‍ നായരേ... രാമന്‍ നായര് ഇറങ്ങി ഓടി.

കൃത്യമായ വയസ്സ് ഓര്‍മയില്ല..എങ്കിലും ഒരു പത്തു എണ്‍പതു ആയി കാണും. എന്തെല്ലാം മാറ്റങ്ങള്‍ കണ്ടിരിക്കുന്നു. എന്തെല്ലാം പുതുതായി വന്നു ! തിരു-കൊച്ചി വന്നു, മദ്രാസും വന്നു കേരളവും വന്നു. ഈ അടുത്തായി പുതുത്‌ പലതും കാണാന്‍ തുടങ്ങിയിരിക്കുന്നു. ടിവി, ഫ്രിഡ്ജ്‌ , വാഷിംഗ്‌ മെഷീന്‍ അങ്ങനെ പലതും. ഇത്തിരി പോന്ന കൊച്ചു പിള്ളേരാ ടിവി എടുത്തു പന്താടുന്നെ .. വിടാന്‍ പറ്റോ ? ഒരു വിധം പഠിച്ചെടുത്തു എന്ന് വിചാരിച്ചപ്പോഴെകും കേബിള്‍-ഉം വന്നു. ഒരു റിമോട്ട് പോര.. ഇപ്പോം രണ്ടെണ്ണം പഠിച്ചു. ഇനി മുതല്‍ ബാങ്കില്‍ പോകേണ്ട ആവശ്യമില്ലെന്ന് മകന്‍ പറഞ്ഞപ്പോള്‍ വല്യ ആശ്വാസമായി. ബാങ്കും രാമന്‍ നായരും പണ്ടേ ഒക്കില്ല. പിന്നെ വേറെ വഴി ഇല്ലാത്തതു കൊണ്ടു അരുടെയോകെ കാല് പിടിച്ചു കാര്യങ്ങള്‍ സാധിക്കും - അല്ലാതെന്തു ചെയ്യാന്‍ ? ഇനിയിപ്പോള്‍ വീണ്ടും സ്കൂള്‍-ഇല് ചേര്ന്നു വിദ്യ അര്തിക്കനോന്നും വയ്യ. ബാങ്ക്‌ - നു പകരം കിട്ടിയതൊരു കാര്‍ഡും. രണ്ടു പ്രാവശ്യം അത് ഉപയോഗിച്ചപ്പോഴ്ഉം ഓട്ട മാറി പോയി. ഇട്ട കാര്‍ഡും വന്നില്ല വരണ്ട പൈസയും വന്നില്ല. പൊട്ടാത്ത തോക്കും പിടിച്ചു നിന്നവന്റെ തെറി കേട്ടത് മിച്ചം. അതും പഠിച്ചു എടുത്തു രാമന്‍ നായര്‍, കാര്ഡ് തിരിച്ചാണോ മറിച്ചാണോ എന്ന് ഇടയ്ക്ക് ഒരു ശങ്ക വരും - അത്രയേ ഉള്ളു. മുണ്ട് മുറുക്കി ഉടുത്തു ശീലിച്ച മലയാളിക്ക് അഭിമാനം വിട്ടു കളിയില്ല.

അതെല്ലാം
സഹിച്ചു, എങ്കിലും ഇവന്‍ ഭയങ്കരന്‍ തന്നെ. മകന്‍ തന്നതാ ..വേണ്ടാന്ന് പറയാന്‍ പറ്റിയില്ല രാമന്‍ നായര്‍ക്ക്. ഇവന്‍ അടിച്ചാല്‍ രാമന്‍ നായരുടെ ചങ്ക് ഇടിക്കും, ആള്‍ക്കൂട്ടത്തില്‍ ആണെങ്കില്‍ ഇരട്ടി മടങ്ങ് ഇടിക്കും. ഇവന്‍ കാരണം എത്രോയോ പ്രാവശ്യം തന്റെ മാനം പോയിരിക്കുന്നു. തന്റെ പ്രവൃത്തികളില്‍ മകനും ഒരു പരിഹാസം ഉണ്ടോ എന്ന് സംശയം ഇല്ലാതില്ല. പൂരം കണ്ട പൊട്ടനെപ്പോലെ ചിലപ്പോള്‍ ഭാര്യയും ഇരുന്നു ചിരിക്കുന്നത് കാണാം. എങ്ങിനെയൊക്കെയോ ഇത്രയും ദൂരം ഓടി, ഇനി ഏതെല്ലമ് വഴികളിലൂടെ ഓടണം ഈശ്വരാ ...ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന രാമന്‍ നായരുടെ നേരെ ഒരു പറ്റം കമ്പ്യൂട്ടര്‍ ചീറി പാഞ്ഞു വന്നു, ക്രെടിട്ടും ഡെബിറ്റ്‌ കാര്‍ഡും മാറി മാറി നൃത്തമാടി. ചാറ്റിങ്ങും ഇ-മെയിലും ഇന്റര്‍നെറ്റും ജാഥയായി നടന്നു നീങ്ങി. ഷോപ്പിംഗ്‌ മാള്ളിലെ ലിഫ്റ്റ്‌-ഉം എസ്കാലടോര്‍ -ഉം മേലോട്ടും താഴോട്ടും ചാടി കളിച്ചു. റസ്ടോറണ്‍ടിലെ മുള്ളും കത്തിയും കോല്‍ക്കളി നടത്തി. തെങ്ങ് കേറുന്ന മാധവന്‍ ഷേക്ക്‌സ്പിയര്‍-ഇന്റെ സോനെട്ടു പാടി കാലില്‍ തളപ്പിട്ടു. കിടക്കയില്‍ കിടന്നു ഞെരി പിരി കൊണ്ട രാമന്‍ നായര്‍ ഞെട്ടി എണീറ്റ്‌ ചുറ്റും നോക്കി. ആകെ വിയര്‍ത്തു പരിഭ്രമിച്ച രാമന്‍ നായര്‍ കൈ കൊണ്ടു നെറ്റിയിലെ വിയര്‍പ്പ് തുടച്ചു മാറ്റി. അപ്പോഴേക്കും അവന്‍ അടിച്ചു ... രാമന്‍ നായര്‍ രണ്ടാമതൊന്നു ചിന്തിച്ചില്ല ... ഇറങ്ങി ഓടി ... തിരിഞ്ഞു നോക്കാതെ ഓടി. തന്റെ പിന്നാലെ കൂടിയ എല്ലാത്തിനെയും പിന്നിലാക്‌കി കണ്ട പറമ്പിലൂടെയും വഴികളിലൂടെയും ഓടി. ഓടി തളര്‍ന്ന രാമന്‍ നായര്‍ക്ക് തന്റെ മുന്നിലുള്ള വഴികള്‍എല്ലാം കറങ്ങുതായി തോന്നി, തന്റെ തന്നെ ശ്വാസോച്ച്വാസം രാമന്‍ നായര് കേട്ടു. ആ വഴികളില്‍ രാമന്‍ നായര്‍ തളര്‍ന്നു വീണു. തന്റെ പിന്നാലെ ഓടിയവരുടെ കാലൊച്ച അയാള്‍ അടുത്ത് കേട്ടു. അബോധവസ്തയിലെക് വീഴുന്ന മുന്നേ ഏതോ ഒരുവന്‍ മൊബൈല് എടുത്തു കുത്തി ആംബുലന്‍സ് വിളിക്ക്‌കുന്നത് അയാള്‍ കേട്ടു.